Tuesday, 28 August 2012

മുള്ളുരുമ്മുമ്പോള്‍

നെഹദ മജീദ്‌
IX STD
KMM SCHOOLഅമ്പലത്തിന്റെ
ആദ്യ പടി ചവിട്ടിയതും
കൃഷ്ണേട്ടന്‍
'അമ്മേ ..എന്റെ കാല്'

തോട്ടുംവക്കത്ത്
കൈതച്ചക്ക പറിക്കാന്‍ പോയ മാളൂട്ടി
"ഈശ്വരാ
പുതിയ മുണ്ട് പിന്നേം "

ചക്ക പറിക്കുന്ന ഹൈദ്രു
"പുറത്ത് നരകോം
ഉള്ളില്‍സ്വര്‍ഗോം"

ഷാപ്പിലെ
നുറുക്കുമീന്‍ തൊട്ട് കൂട്ടുന്നതിനിടെ
ത്രിശൂക്കാരന്‍ പൌലോസ്
"ന്തൂട്ട് മീനാണ്ടത്
അപ്പടി മുള്ളാണല്ലോ"

വേലി ചാടുന്ന കള്ളന്‍ പരമു
"മുത്തപ്പാ ..ചോര ..
വേലിച്ചാടുമ്പം
ടോര്‍ച്ചെടുക്കണം "

കോണ്‍വെന്റിലെ
അരിവെപ്പുകാരി ത്രേസ്യാമ ഭര്‍ത്താവിനോട്
"ദാണ്ടേ ..നിങ്ങള്ക്ക്ണ്ടല്ലോ
കൈതമുള്ളിന്റെ സ്വഭാവാ ."

ആദ്യ പ്രണയം തന്നെ
പൊളിഞ്ഞു പാളീസായപ്പോള്‍
ടിന്റുമോന്‍ ചങ്ങാതിയോട്‌
"എടാ ഉവ്വേ ..റോസിന്‍മേലുള്ള
എന്റെ ആ പിടുത്താ ഒക്കെ തെറ്റിച്ചത് "

പാടത്ത്
പുല്ലിനു പോയ പുഷ്പ്പ ചേച്ചി
വയല്‍ ചുള്ളി കടച്ചിലോടെ
"നശിച്ച മുള്ള്"

ഇങ്ങനെ പോകുന്നു 
എന്റെ കുറ്റങ്ങള്‍
ഇനിയും തീര്‍ന്നില്ല
വേറൊന്നു കൂടിയുണ്ട് 

തെക്കേലെ സുഭദ്ര
പെഴച്ചു പെറ്റപ്പോള്‍
ചക്കി തള്ള പറഞ്ഞത്
"ഇല വന്ന് മുള്ളില്‍ വീണാലും
മുള്ള് വന്ന് ഇലയില്‍ വീണാലും
കേട് ഇലയ്ക്ക് തന്നെയെന്ന്"

പക്ഷെ
ആരെങ്കിലും അറിയുന്നുണ്ടോ
ഞാന്‍
നിങ്ങളെ പുല്‍കുമ്പോഴാണ്‌
നിങ്ങള്‍ക്ക്  വേദനിക്കുന്നതെന്ന് .

രണ്ട് കവിതകള്‍

പവിത്രന്‍ തീക്കുനി 

നയതന്ത്ര ബന്ധം

ഇണ ചേര്‍ന്ന് കഴിഞ്ഞാല്‍
അവള്‍
ശത്രു രാജ്യം

എങ്കിലും

തുടരുക തന്നെ ചെയ്യും
മുലകളും ഇരുളും തമ്മിലുള്ള
നയതന്ത്ര ബന്ധം.

എന്നാലും 

മരിച്ചു പോയെന്ന്
നമുക്കെല്ലാം ഉറപ്പുള്ളതാണ്
എന്നാലും
ജീവിച്ചിരിപ്പുള്ള
നമ്മുടെ ബോധത്തെ
നശിപ്പിച്ചു കൂടാ

Monday, 27 August 2012

തൂപ്പുകാരി

മനോജ്‌ കാട്ടാമ്പള്ളി 


നീയൊരു തൂപ്പുകാരിയാണ് 
എന്‍റെ ചിതറിയ ചോര
ഒപ്പിയെടുത്ത്
മറവിയുടെ വെടിപ്പ് തൂവുന്നു

ഹൃദയത്തില്‍
നിന്നെയൊരു
കാരമുള്ളാക്കിയവനെ
ഓര്‍മയില്‍ നിന്ന്
കഴുകി വെടിപ്പാക്കൂ

ഞാന്‍ തുടിക്കുന്ന
ഓരോ തുള്ളി ചോരയിലും
നീ പ്രണയാണുക്കളായ്  
നിലനിന്നത് കൊണ്ട്
കൈ വിറയ്ക്കല്ലേ

നിന്‍റെ ചൂലിന്
വടിവാളിനോളം മൂര്‍ച്ചയുണ്ട്
എത്ര വെട്ടിയിട്ടും
കൊതിതീരാത്ത വാശി
നീ തൂത്തുകൊണ്ടിരിക്കുന്ന
ചൂലില്‍ നിന്ന്
സ്പര്‍ശിച്ചറിയുന്നുണ്ട്.

നിനക്ക് ഞാന്‍ ,
ചവറു വണ്ടിയില്‍
അകലേക്ക്‌
കൊണ്ടുതള്ളേണ്ട
മലിനജലം

അതിന്റെ ഓര്‍മയില്‍
ചോരകൊണ്ട് ചുവന്ന്
തിരയടിക്കുന്ന കടല്‍
എന്‍റെ മാത്രം
രക്തസാക്ഷിത്വം .

Saturday, 25 August 2012

അകം

മാധവന്‍ പുറച്ചേരി 

കണ്ണടച്ചിരിക്കുമ്പോള്‍
പുറംകാഴ്ചകളെ
വകഞ്ഞുമാറ്റി
ഉള്ളിലേക്ക്
പടിപടിയായി
ഇറങ്ങുകയായി
കണ്ടതായിരിക്കില്ല
കേട്ടതായിരിക്കില്ല
തൊട്ടിട്ടുപോലുമില്ല
അത്രയ്ക്കടുത്തു
മണമായി വിരിഞ്ഞവ.

കാഴ്ച

ബക്കര്‍ മേത്തല 
ഓടികൊണ്ടിരിക്കുന്ന വണ്ടിതന്നു
ദൃശ്യങ്ങള്‍

ശൂന്യതയുടെ കടലില്‍
പാലം പണിയുമ്പോള്‍
ദൈവത്തോട് കയര്‍ക്കുന്ന
ഒരണ്ണാന്‍

മുട്ടോളം മാത്രം വെള്ളമുള്ള
തടാകത്തില്‍ കുളിക്കുന്ന സ്ത്രീകള്‍
 - കരിഞ്ഞ വിറകു കൊള്ളികള്‍ പോലെ
മലമുകളിലെ കുരിശുചുംബിക്കുന്ന മേഘങ്ങള്‍
 - കുഷ്ഠരോഗികളെപ്പോലെ
താഴ്വരയില്‍ കല്ലുടക്കുന്ന തൊഴിലാളികള്‍
 - പെയ്യാന്‍ നില്‍ക്കുമ്പോഴും
വിയര്‍ക്കുന്ന മുകില്‍പ്പോലെ.
ഉണങ്ങിയ തെങ്ങില്‍ തലപ്പില്‍
കാറ്റടിച്ചിട്ടും പാറിക്കളിക്കാതെ
വടിയോട് പറ്റി ചേര്‍ന്നു കിടക്കുന്ന
ഒരു കൊടിക്കൂറ
 - ഡിസ്ചാര്‍ജായലിംഗംപോലെ

വണ്ടി നിന്നപ്പോള്‍ കണ്ടു
ഒരു തൈ നടുന്ന കിഴവനെ
അതിന്റെ തടത്തിലേക്ക്‌
വെള്ളമൊഴിച്ച്കൊണ്ടിരിക്കുന്ന കുട്ടിയെ

തടത്തിലേക്കൊഴിച്ചുകൊണ്ടിരിക്കുന്ന
വെള്ളം മുഴുവന്‍
തന്‍റെ വിണ്ടു വരണ്ട മനസ്സിലേക്ക്
കിനിഞ്ഞിറങ്ങുന്നത്
അയാളറിഞ്ഞു .

വള്ളിക്കുന്നത്ത് വീണ്ടും അഥവാ,ലോഗ് -ഔട്ട്‌


രാജു വള്ളിക്കുന്നം 
ഒരു തിരിച്ചു പോക്കായല്ല ഞാന്‍ 
വള്ളി കുന്നത്ത് വീണ്ടും പോയത് 
തിരികെ പോരാനാണെന്ന്
നന്നായുറപ്പിചിട്ടുമുണ്ടായിരുന്നു 
എങ്കിലും തിരികെ പോരുമ്പോള്‍ 
ആരോ ചോദിക്കുന്ന പോലെ 
ഇനിയെന്ന് വരും ?

മടങ്ങി പോക്കല്ലാത്തത് കൊണ്ട് 
എന്നു വേണേലുമാകാമെന്ന്
പറയണമെന്നുണ്ടായിരുന്നു 
പക്ഷെ ,ചോദിച്ചതാരെന്നു വ്യക്തമായിരുന്നില്ല 
ആര്‍ക്കും ചൊദിക്കാമെന്നതിനാല് 
ആരു ചോദിച്ചുവെന്ന് പ്രസക്തമല്ല 

പോവുകയും തിരികെ വരുകയും 
ചെയ്യുന്നതിനിടയില്‍ 
കാലം കുറേശെയായി ഇല്ലാതാകുന്നുവെന്ന്
ആദ്യമൊക്കെ തോന്നിയിരുന്നു 
പിന്നീടാണറിഞ്ഞത്
കാല ദൈര്‍ഘ്യം ഏറിവരികയാണെന്ന് 

വെറ്റിലക്കൊടിത്തോട്ടവും 
ഒറ്റത്തടിപ്പാലവും 
പുഞ്ചകളും മുണ്ടകന്‍പാടങ്ങളും 
കെട്ടുകാളയും തേരും 
നോക്കി നടക്കാന്‍ 
ഞാനൊരു പുരാവസ്തുവല്ല 
വെറ്റിലയും അടക്കയും 
നാളികേരവും മരച്ചീനിയും 
വിലപേശി വിറ്റ ചുനാട്ട് ചന്തയില്‍ 
വീണ്ടും നില്‍ക്കുമ്പോള്‍ 
കാലം ഓര്‍മയില്‍നിന്നുകൂടി മായുന്നത് തടയാന്‍ 
ഞാനൊരു നാട്ടിന്‍ പുറത്തുകാരനല്ല 
പല വഴികള്‍ നോക്കി നടന്നാല്‍ 
എത്തിചേരുന്ന കളത്തട്ടുകളില്‍ ഇരിക്കാന്‍ 
ഞാനൊരു കാല്‍നടക്കാരനല്ല  
സതീര്‍തഥ്യയെ നോക്കിപ്പോയാല്‍ 
ചെന്നെത്തുന്ന മതില്‍ക്കെട്ടിനരികില്‍
വാ പൊളിച്ചുനില്‍ക്കാന്‍  
ഞാന്‍ പഴയ കൃഷിക്കാരന്റെ മകനല്ല 
കാര്‍ഷിക സമരങ്ങളുടെ വിളനിലങ്ങള്‍ നോക്കി 
ചരിത്രം അയവിറക്കാന്‍ 
ഞാനൊരു കാല്പ്പനികനുമല്ല 
തിരിച്ചുപോക്കല്ലെന്നുറച്ച്  
വള്ളിക്കുന്നത്ത് പോകുന്നതും 
തിരികെ പോരുകയാണെന്ന് നന്നായുറപ്പിച്ച് 
മടങ്ങി പോരുന്നതും 
വെറും സാധാരണമാണ് 
അസാധാരണമായിട്ടുള്ളതെന്താണെന്ന്
അറിയുവാനാണീ ലോഗ് -ഔട്ട്‌ 

രണ്ടു കവിതകള്‍

വിമീഷ് മണിയൂര്‍  തുടക്കം 

നിങ്ങളെ 
അത്ഭുതപ്പെടുത്തുന്ന പെണ്‍കുട്ടികളെ 
സ്നേഹിക്കാന്‍ തുടങ്ങരുത് 
അവര്‍ 
പിന്നെയും പിന്നെയും 
അത്ഭുതപ്പെടുത്തിയെന്നിരിക്കും 
അതിന്‌ മുന്‍പേ 
അവരെ അത്ഭുതപ്പെടുത്തി 
മറ്റെന്തിനെയെങ്കിലും 
സ്നേഹിച്ചു തുടങ്ങുക 

2
എന്തോരം അടുത്താലും 
നമ്മുടെ നിഴലുകളെ 
ഇണചേരാന്‍ അനുവദിക്കരുത് 
ഇടയ്ക്ക് 
തിരിഞ്ഞു നിന്ന് കരയാന്‍ 
ഒരു നിഴലിന്റെ മറവ് നല്ലതാണ്

പട്ടി

അരവിന്ദ് വട്ടംകുളം ഞാന്‍ കുരയ്ക്കാറുമില്ല
കടിക്കാറുമില്ല
എന്നിട്ടും
അവരെന്നെ
'പട്ടി'എന്ന് വിളിക്കുന്നു .
എന്നെ കെട്ടിയിടാറില്ല
അഴിച്ചു വിടാറുമില്ല
'കഴിച്ചോണ്ട് പോടാ'
എന്ന് യജമാനന്‍
ആജ്ഞാപിക്കുമ്പോള്‍
അനുസരണയോടെ ആട്ടാന്‍
എനിക്കൊരു വാലില്ലാത്തതില്‍
ദു:ഖമുണ്ട്
ചായ്പ്പില്‍ ചുരുണ്ട് കൂടി
കിടക്കണം
സൂര്യന്‍ ഉണരും മുമ്പേ
എണീക്കണം
പശൂനെ കറക്കണം
പാലുമായി ചന്തേല്‍ പോകണം
അരിയും പഞ്ചാരയും
വൈക്കോലുമായി വരണം 

ഞാന്‍ കുരയ്ക്കാറുമില്ല
കടിക്കാറുമില്ല
എന്നിട്ടും
അവരെന്നെ
'പട്ടി'എന്ന് വിളിക്കുന്നു .

ഓര്‍മ


നന്ദനന്‍ മുള്ളമ്പത്ത്
അമ്മയെന്ന 
അടുക്കള 

അച്ഛനെന്ന 
അകല്‍ച്ച 

ഏട്ടന്മാരെന്ന 
അലച്ചിലുകള്‍ 

പെങ്ങളെന്ന 
പോക്കുവരവ് 

ഏകാന്തത 
എന്ന കുട്ടി 
ഇതെല്ലാം 
കാണുന്നു 

കുന്നിന്‍ മോളില്‍ 
പൊളിഞ്ഞ 
കോലായില്‍

Friday, 24 August 2012

അമ്മിഞ്ഞ


പ്രദീപ്‌ രാമനാട്ടുകര 
തള്ളയും പിള്ളയുമെന്ന
ചിത്രത്തില്‍ നിന്ന്
അപ്രത്യക്ഷമായതിനെ
സിലിക്കണ്‍ ബാഗുകള്‍
സമനിലയില്‍ പിടിച്ചു കെട്ടി
പാല്‍ പല്ലുകള്‍
പതിഞ്ഞ പാടുകള്‍
കോസ് മെറ്റിക്  സര്‍ജറിയില്‍
മറവു ചെയ്ത്
കാമച്ചുണ്ടുകള്‍ക്ക്
കൈമാറി.
എത്ര മര്‍ദ്ദിച്ചാലും
അടയാളങ്ങളൊന്നുമി ല്ലാതെ
ഒറ്റയളവില്‍
ഉദ്ധരിച്ചു നില്‍ക്കുന്നതിനാല്‍
തെളിവുകളില്ലെന്ന് കോടതി.

ഒറ്റമരങ്ങള്‍

ഏ .വി .സന്തോഷ്‌ കുമാര്‍ 


അന്നുവന്നതിനേക്കാള്‍
സുന്ദരിയായിരിക്കുന്നു
ഇന്ന് നീ വന്നപ്പോള്‍
അന്ന് നിന്റെ കൂടെ
അവനുണ്ടായിരുന്നു
ഇന്ന് നീ തനിച്ചാണല്ലോ
അന്നില്ലാത്ത ചന്തം ഇന്ന്
നിനക്കെങ്ങനെ ?
മുടിക്കെട്ട്
നുണക്കുഴി കണ്മഷി
അന്ന് ഇരിക്കാന്‍ പറഞ്ഞിട്ടും
നീ ഇരുന്നില്ല .
അവന്റെ പിന്നില്‍
ഒരു നിഴല്‍പ്പോലെ
അവന്റെ ശ്വാസംപ്പോലെ
നിന്നെ ഞാന്‍ കണ്ടതേയില്ല
നല്ലപ്പോലെ അന്ന് .
ഇന്ന് ശരിക്കും നിറഞ്ഞു കണ്ടു
അകന്നു മാറി നിന്നെ
നോക്കി മതിമറന്നു നിന്നു.
എന്തൊരുന്മേഷമാണ് നിനക്ക് !
എങ്കിലും നീ
എന്നെ നിന്റെ നിഴലാക്കല്ലേ
നിന്റെ ശ്വാസമാക്കല്ലേ
അങ്ങനെയായാല്‍ നീ
ഇങ്ങനെയാവില്ലല്ലോ
ഒറ്റയ്ക്കുള്ള നീയാവില്ലല്ലോ .

റോസാച്ചെടി

നൂറ 


നമ്മുടെ
കളിവീടിനുള്ളിലൂടെ
ഒരു മുള്ളുവേലിയുയര്‍ന്നപ്പോഴാണ്‌
എനിക്കും നിനക്കുമിടയിലെ
അതിരുകളെ
ഞാനറിഞ്ഞത്‌.
എന്നിട്ട്‌,
രാത്രി,
നിന്റെ അച്ഛന്‍
വേലിമാന്തുമ്പോഴൊക്കെ
ഞാന്‍ സന്തോഷിച്ചു.
നിന്റെ അതിരുകള്‍
എന്നിലേക്ക്‌
കയറിവരികയാണല്ലൊ.
പിന്നെയൊരിക്കല്‍
മുറ്റത്തൊരു മതിലുകൊണ്ട്‌
എന്റെ അച്ഛനെന്നെ തോല്‍പ്പിച്ചു.
ഇന്ന്‌,
അതിരുകവിയുന്നൊരു
പൂവിനെകാത്ത്‌
ഞാനുമൊരു
റോസാച്ചെടി നടുകയാണ്‌.
ഈ മതിലിന്നരികില്‍
നിന്റെ പൂക്കറി തിന്ന്‌
ഞാന്‍ ചര്‍ദ്ദിച്ചിടത്ത്‌
നിന്റെ കണ്ണീര്‍ വീണിടത്ത്‌...

രണ്ടു കവിതകള്‍

സന്തോഷ്‌ അലക്സ് പോസ്റ്റ്‌ കാര്‍ഡ്‌ 

അമ്മയ്ക്ക് സുഖമില്ല 
വീടിന്റെ മേല്‍ക്കൂര തകര്‍ന്നിരിക്കുന്നു 
ഇത്തവണയും കൃഷിനശിച്ചു പോയി
പെന്‍ഷന്‍ കിട്ടിയിട്ട് മാസങ്ങളായി 
നിനക്ക് സുഖമെന്ന് കരുതട്ടെ 
മോനെ , പറ്റുമെങ്കില്‍ ഇവടംവരെ ഒന്ന് വരണേ

കിളവന്മാരുടെ ചിരി

വൈകിട്ട് നടക്കാനിറങ്ങി 
പതിവുകാരെ കാണാനില്ല 

പൊട്ടിച്ചിരി കേള്‍ക്കുന്നുണ്ട് 
അത് ലാഫിംഗ് കല്ബ്ബിലെ അംഗങ്ങളുടെതല്ല 
ബീച്ചിനോട് ചേര്‍ന്നുള്ള പാരപറ്റിലിരിക്കുന്ന 
പെന്‍ഷന്‍ പറ്റിയ കിളവന്മാരുടെ ചിരിയാ

ആര് പതിവ് തെറ്റിച്ചാലും
ഇവര് തെറ്റിക്കില്ല 

അവരുടെ അടുത്ത്‌ എത്തിയപ്പോള്‍ 
എല്ലാവരും പുഞ്ചിരിക്കുകയായിരുന്നു 
മുഖമില്ലാതെ

തീപ്പെട്ടിപടം


എം .ബി .മനോജ്‌ 


പൊളിഞ്ഞങ്ങനെ 
വഴീക്കെടക്കുന്നുണ്ടാവും 
മണ്ണും പൊടീം പറ്റി 
വണ്ടീം കേറി ചവിട്ടും കൊണ്ട് 
തീപ്പെട്ടി പടം പെറുക്കാന്‍ നടക്കുന്ന 
പരപര വെളുക്കുന്നേരത്ത് 
പാലുവിക്കാന്‍ നടന്ന കാലത്ത് 

ഇതി വാര്‍ത്താഹി യെന്ന് 
റേഡിയോ പറഞ്ഞു തീര്‍ക്കുന്നതും 
മലയാള വാര്‍ത്ത തൊടങ്ങുന്നതും
കേട്ടോണ്ട് 
തലേന്നത്തെ ഇരുട്ടെല്ലാം 
ചാരി നിന്ന് ഒറങ്ങി തീര്‍ത്ത 
ചാക്കും ,എണീം
കുരുമുളകുപറിക്കാന് കുത്തിചാരാണ്ടേ 
മുരിക്കുകളെ എത്തിപിടിക്കുന്നു 
വാക്കത്തീം ,വീതിവാളും,കോടാലീം 
വെളിയിലെവിടെ യെന്കിലുമൊക്കെയിരിക്കുന്നു
കംബീം,തൂമ്ബേം അലവാങ്കും ഒണങ്ങിപിടിച്ച 
മണ്ണ് കുത്തി കളയുന്നു 
പൂള് ചെത്തിയുറപ്പിക്കുന്നു
നാക്കുതല്ലി മൂര്‍ച്ച കൂട്ടുന്നു 
നീട്ടി ചായയടിക്കുന്നയൊച്ചയെകാക്കുന്നു 
മിറ്റത്ത് ചിലേടത്ത് 
സഞ്ചിയ്ക്കകത്ത് മരപ്പണിയായുധങ്ങള്‍    
ഒളിച്ചിരിക്കുന്നു 
വാഴക്കയ്യുവെട്ടിച്ചുമ്മാടുണ്ടാക്കുന്ന
പെണ്ണുങ്ങളുടെ കൂടെ വന്ന പായലുകള്‍ 
കടേന്നുതിന്നുന്നു ,മേടിച്ചോണ്ട് പോകുന്നു 
റേഡിയോയ്ക്കകത്ത് ജയവിജയന്മാര്‍ 
തമ്മില്‍ തര്‍ക്കിക്കുന്നു 
പണിക്കാരുടെ ഒച്ചകേട്ട്,
പച്ചത്തേങ്ങയരച്ചതിന്റെമണം 
കടുക് താളിച്ചതിന്റെ മണം 
കല്ലില്‍ പൊറോട്ട വേകുന്നതിന്റെ മണം 

വാള്‍എന്നതിന്റെ അര്‍ഥം അന്നെനിക്ക് 
മാറിപോയിരുന്നു
അറക്കക്കാര് കൊണ്ട് നടക്കുന്ന 
വാളും കൊണ്ടെങ്ങനെ 
ക്ളാസ്സ് ടീച്ചര്‍ പറഞ്ഞ 
കുതിര പുറത്തെ രാജാക്കന്മാര്‍ക്ക് 
യുദ്ധം ചെയ്യാന്‍ പറ്റും 
തടി വെട്ടുകാരുടെ കയ്യിലെ 
പാണ്ടി കോടാലി 
എത്രയായത്തിലെറിഞ്ഞാലും 
ഗോകര്‍ണത്തൂന്നു എത്തറ്റംവരെയെത്തും
സംശയം കൊറേ കാലം കെടന്നു .

ചെന്ജുമപ്പ്,മഞ്ഞ ,വെള്ള 
പലജാതി തുപ്പലുകള്‍ക്ക് നടുവില്‍ 
വലിച്ച് നെലത്തെറിഞ്ഞു
ചവിട്ടികൂട്ടിയതിന്റെയിടയിലൂടെ 
കണ്ണുകളെയെറക്കി വിട്ടിട്ട്
തീപ്പെട്ടി കൂട് പെറക്കിവെപ്പിക്കുന്ന നേരത്ത് 
വെള്ളം ചേര്‍ത്തിട്ടുണ്ടോന്നറിയാന്‍
ലൈറ്റ് സ്ട്രോങ്ങ്‌ മീഡിയം വെള്ളച്ചായ 
എന്നൊക്കെ വിളിച്ചു കൂവിക്കൊണ്ട് 
ഒരു ഗ്ളാസ്പാല് എല്ലാരേം കാണിച്ചോണ്ട് 
അലമാരെലേക്ക് മാറ്റുന്നു 
അവിടെ ചില ഗ്ളാസ്സുകള്‍
പാലും വെള്ളവും പിരിഞ്ഞ് ഇരിക്കുന്നു 

മഞ്ഞും കൊണ്ട് 
കുതിരുന്ന തീപ്പെട്ടി കൂടുകള്‍ 
ഒരച്ചൊരച്ച് മരുന്നിന്റെ സൈഡ്പൊളിഞ്ഞത്
ബീഡികുറ്റികളിട്ടത് 
എടുക്കാത്ത നാണയതുട്ടുകളിട്ടത് 
വേട്ടാവളിയന്റെ ചത്തയൊടലുള്ളത് 
തകിട് കവറി നക ത്തൊള്ളത് 
നനഞ്ഞ കുശു വിടുന്നത് ,വാടകെട്ടിയത് 
തടി തീപ്പെട്ടി കൂടിനേക്കാള്‍
ഞങ്ങളിഷ്ട്ട പ്പെട്ടുതൊടങ്ങിയ 
കട്ടികടലാസിന്‍റെത്
വല്ലപ്പോഴുമൊക്കെ ക്കിട്ടുന്നത് 
മണ്ണടിഞ്ഞത് 
ചന്നം പിന്നമായത് 
തലമുറിഞ്ഞു പോയത് 
നടുവൊടിഞ്ഞത് 
മക്കളെല്ലാം അകത്തിരുന്നു വെന്തത് 

വെള്ളത്തില്‍ മുക്കി 
കുമു കുമാന്ന് മണക്കുന്ന മരുന്ന് 
കഴുകി കളഞ്ഞ് ,ഒണക്കി 
ഒട്ടിപ്പ് ബുക്കിലേക്ക് മാറ്റുന്നത് 
വീറ്റു,ത്രീ റോസസ് ,കതിരവന്‍ ,ജോക്കര്‍ 
കാണ്ടാമൃഗം ,മൈന ,തത്ത ,ഉദയസൂര്യന്‍ 
ക്ളാവര്‍,കരാട്ടെ ,കപ്പു സോസര്‍ കണ്ണട 
മിനാരം ,മാജിക് വടി ,മണ്‍ കൂടാരം 
ഒക്സ് ,ഡീര്‍ ,ഡോള്‍ഫിന്‍ ,പെന്‍ഗ്വിന്‍ 
ഒട്ടകം ,ഓറഞ്ച് , ഓട്ട പന്തയം ,ഒളിമ്പിക്സ് ,
ഏഷ്യാഡ,എറോപ്ലൈന്‍,എഞ്ചിന്‍ തീവണ്ടി 
മഴ ,കുട ,വെയില്‍ ,മരം ,വെള്ളം ,വള്ളം 
മല ,കിളി ,സുന്ദരി ,സ്കൂള്‍ കുട്ടി ,സൂര്യാസ്തമയം 
കീച്ച് കളിയില്‍ ജയിക്കുന്നവര്‍ക്ക് കൊടുക്കേണ്ടുന്ന 
തീപെട്ടി പടങ്ങള്‍ ,

വഴിയരികില്‍ ആന പിടിച്ചാല്‍ 
പൊങ്ങാത്ത കൂപ്പു തടികള്‍ 
ഷോളിംഗ്മൂടിയ പുല്ലു കാട് 
ഓലയ്ക്കാല്കൊണ്ടുണ്ടാക്കിയ 
കളിപ്പാട്ടങ്ങളഴിഞ്ഞ മിറ്റങ്ങള്‍ 
വഴിയില്‍ ആളുകള്‍ക്ക് ചവിട്ടാനായി 
കൊണ്ടിട്ടിരിക്കുന്ന കുരുമുളക് തിരികള്‍ 
പേറ്റിയെടുത്തിട്ട്‌ മിച്ചം കൂട്ടിയിട്ടിരിക്കുന്ന 
ചീര് നെറഞ്ഞമലഞ്ചരക്ക് കടയുടെ മണം 
എലക്കയുടെയും ഗ്രാമ്പൂവിന്‍റെയും ഗന്ധം 
ഉപ്പു ചാക്കുകള്‍ തുറന്നിരിക്കുന്ന 
പലചരക്ക് കടത്തിണ്ണ 
ഒണക്കമീന്‍ കടെടെ മണം 
കരിപ്പെട്ടി രുചിക്കുന്ന പനയോലെടെ മണം 
കച്ചികെട്ടുകള്‍ അഴിഞ്ഞ അലൂമിനിയക്കട 
ലേഡീസ് സെന്ററിന്റെ തിണ്ണയില്‍ 
എറിഞ്ഞു കളഞ്ഞ ക്യൂട്ടക്സ് ,കുങ്കുമം ,കുപ്പിപ്പാത്രം 
അരിച്ചെടുക്കാനായി തമിഴന്‍മാര്‍ കോരുന്ന 
സ്വര്‍ണ കടക്കു മുന്നിലെ മണ്ണ് 
കൊടനന്നാക്കുകാരന്റെ കെട്ടും പൊതിയും  
കവലപട്ടികള്‍ 
രാവിലത്തെ കുര്‍ബാനയ്ക്ക് 
ചട്ടയും നേര്യേതും പൌഡറും മണക്കുന്ന 
ചേട്ടത്തിമാര്‍ 
വാര്‍ത്തകള്‍ വായിക്കുന്ന രാമചന്ദ്രന്‍ / ശ്രീ കുമാര്‍ 
സമയം തെറ്റിയെന്നുള്ള
ചായക്കടക്കാരന്റെ ചൂടാകല്‍ 
നിക്കറിന്റെ പോക്കറ്റില്‍ നെറയുന്ന
പടങ്ങള്‍ ,വര്‍ണങ്ങള്‍ ,വിചിത്രങ്ങള്‍ 

നാണയ ശേഖരം 
സ്റാമ്പ് കളക്ഷന്‍ ,ആല്‍ബങ്ങള്‍ 
ഫിലിമിന്റെ കഷങ്ങളിലുള്ളവര്‍ 
ശിവകാശിയില്‍ നിന്നെറങ്ങിയ ദൈവ കലണ്ടറുകള്‍ 
ക്രിക്കറ്റ്കാരുടെയും കിന്റര്‍ജോയിയുടെയും 
സ്റ്റിക്കര്‍കള്‍ ,അവയെല്ലാം 
ചരിത്രത്തിന്റെ ഭാഗമായി .

തീപ്പെട്ടി പടങ്ങള്‍ സൂക്ഷിച്ച ഞങ്ങളും 
ഞങ്ങള്‍ നടന്ന കുഗ്രാമ വഴികളും 
തൂക്കിയ പാല്‍ പ്പാത്രങ്ങളും 
പാവം പിടിച്ച മനുഷ്യരുടെ നാശ കോശം വന്ന 
ലോകങ്ങളും 
കൂശിത്ത വാടയായി 
പിന്നെയെന്നോ കാണാതെ പോയ 
ഒട്ടിപ്പുബുക്കുകളായി
വെളിപ്പെടുത്താന്‍ മടിച്ച അധമ ലോകങ്ങളായി 
ചരിത്രത്തില്‍ നിന്നും പുറത്തായി