Monday 27 August 2012

തൂപ്പുകാരി

മനോജ്‌ കാട്ടാമ്പള്ളി 


















നീയൊരു തൂപ്പുകാരിയാണ് 
എന്‍റെ ചിതറിയ ചോര
ഒപ്പിയെടുത്ത്
മറവിയുടെ വെടിപ്പ് തൂവുന്നു

ഹൃദയത്തില്‍
നിന്നെയൊരു
കാരമുള്ളാക്കിയവനെ
ഓര്‍മയില്‍ നിന്ന്
കഴുകി വെടിപ്പാക്കൂ

ഞാന്‍ തുടിക്കുന്ന
ഓരോ തുള്ളി ചോരയിലും
നീ പ്രണയാണുക്കളായ്  
നിലനിന്നത് കൊണ്ട്
കൈ വിറയ്ക്കല്ലേ

നിന്‍റെ ചൂലിന്
വടിവാളിനോളം മൂര്‍ച്ചയുണ്ട്
എത്ര വെട്ടിയിട്ടും
കൊതിതീരാത്ത വാശി
നീ തൂത്തുകൊണ്ടിരിക്കുന്ന
ചൂലില്‍ നിന്ന്
സ്പര്‍ശിച്ചറിയുന്നുണ്ട്.

നിനക്ക് ഞാന്‍ ,
ചവറു വണ്ടിയില്‍
അകലേക്ക്‌
കൊണ്ടുതള്ളേണ്ട
മലിനജലം

അതിന്റെ ഓര്‍മയില്‍
ചോരകൊണ്ട് ചുവന്ന്
തിരയടിക്കുന്ന കടല്‍
എന്‍റെ മാത്രം
രക്തസാക്ഷിത്വം .

1 comment: