Saturday 25 August 2012

വള്ളിക്കുന്നത്ത് വീണ്ടും അഥവാ,ലോഗ് -ഔട്ട്‌


രാജു വള്ളിക്കുന്നം 












ഒരു തിരിച്ചു പോക്കായല്ല ഞാന്‍ 
വള്ളി കുന്നത്ത് വീണ്ടും പോയത് 
തിരികെ പോരാനാണെന്ന്
നന്നായുറപ്പിചിട്ടുമുണ്ടായിരുന്നു 
എങ്കിലും തിരികെ പോരുമ്പോള്‍ 
ആരോ ചോദിക്കുന്ന പോലെ 
ഇനിയെന്ന് വരും ?

മടങ്ങി പോക്കല്ലാത്തത് കൊണ്ട് 
എന്നു വേണേലുമാകാമെന്ന്
പറയണമെന്നുണ്ടായിരുന്നു 
പക്ഷെ ,ചോദിച്ചതാരെന്നു വ്യക്തമായിരുന്നില്ല 
ആര്‍ക്കും ചൊദിക്കാമെന്നതിനാല് 
ആരു ചോദിച്ചുവെന്ന് പ്രസക്തമല്ല 

പോവുകയും തിരികെ വരുകയും 
ചെയ്യുന്നതിനിടയില്‍ 
കാലം കുറേശെയായി ഇല്ലാതാകുന്നുവെന്ന്
ആദ്യമൊക്കെ തോന്നിയിരുന്നു 
പിന്നീടാണറിഞ്ഞത്
കാല ദൈര്‍ഘ്യം ഏറിവരികയാണെന്ന് 

വെറ്റിലക്കൊടിത്തോട്ടവും 
ഒറ്റത്തടിപ്പാലവും 
പുഞ്ചകളും മുണ്ടകന്‍പാടങ്ങളും 
കെട്ടുകാളയും തേരും 
നോക്കി നടക്കാന്‍ 
ഞാനൊരു പുരാവസ്തുവല്ല 
വെറ്റിലയും അടക്കയും 
നാളികേരവും മരച്ചീനിയും 
വിലപേശി വിറ്റ ചുനാട്ട് ചന്തയില്‍ 
വീണ്ടും നില്‍ക്കുമ്പോള്‍ 
കാലം ഓര്‍മയില്‍നിന്നുകൂടി മായുന്നത് തടയാന്‍ 
ഞാനൊരു നാട്ടിന്‍ പുറത്തുകാരനല്ല 
പല വഴികള്‍ നോക്കി നടന്നാല്‍ 
എത്തിചേരുന്ന കളത്തട്ടുകളില്‍ ഇരിക്കാന്‍ 
ഞാനൊരു കാല്‍നടക്കാരനല്ല  
സതീര്‍തഥ്യയെ നോക്കിപ്പോയാല്‍ 
ചെന്നെത്തുന്ന മതില്‍ക്കെട്ടിനരികില്‍
വാ പൊളിച്ചുനില്‍ക്കാന്‍  
ഞാന്‍ പഴയ കൃഷിക്കാരന്റെ മകനല്ല 
കാര്‍ഷിക സമരങ്ങളുടെ വിളനിലങ്ങള്‍ നോക്കി 
ചരിത്രം അയവിറക്കാന്‍ 
ഞാനൊരു കാല്പ്പനികനുമല്ല 
തിരിച്ചുപോക്കല്ലെന്നുറച്ച്  
വള്ളിക്കുന്നത്ത് പോകുന്നതും 
തിരികെ പോരുകയാണെന്ന് നന്നായുറപ്പിച്ച് 
മടങ്ങി പോരുന്നതും 
വെറും സാധാരണമാണ് 
അസാധാരണമായിട്ടുള്ളതെന്താണെന്ന്
അറിയുവാനാണീ ലോഗ് -ഔട്ട്‌ 

No comments:

Post a Comment