Friday 24 August 2012

തീപ്പെട്ടിപടം


എം .ബി .മനോജ്‌ 














പൊളിഞ്ഞങ്ങനെ 
വഴീക്കെടക്കുന്നുണ്ടാവും 
മണ്ണും പൊടീം പറ്റി 
വണ്ടീം കേറി ചവിട്ടും കൊണ്ട് 
തീപ്പെട്ടി പടം പെറുക്കാന്‍ നടക്കുന്ന 
പരപര വെളുക്കുന്നേരത്ത് 
പാലുവിക്കാന്‍ നടന്ന കാലത്ത് 

ഇതി വാര്‍ത്താഹി യെന്ന് 
റേഡിയോ പറഞ്ഞു തീര്‍ക്കുന്നതും 
മലയാള വാര്‍ത്ത തൊടങ്ങുന്നതും
കേട്ടോണ്ട് 
തലേന്നത്തെ ഇരുട്ടെല്ലാം 
ചാരി നിന്ന് ഒറങ്ങി തീര്‍ത്ത 
ചാക്കും ,എണീം
കുരുമുളകുപറിക്കാന് കുത്തിചാരാണ്ടേ 
മുരിക്കുകളെ എത്തിപിടിക്കുന്നു 
വാക്കത്തീം ,വീതിവാളും,കോടാലീം 
വെളിയിലെവിടെ യെന്കിലുമൊക്കെയിരിക്കുന്നു
കംബീം,തൂമ്ബേം അലവാങ്കും ഒണങ്ങിപിടിച്ച 
മണ്ണ് കുത്തി കളയുന്നു 
പൂള് ചെത്തിയുറപ്പിക്കുന്നു
നാക്കുതല്ലി മൂര്‍ച്ച കൂട്ടുന്നു 
നീട്ടി ചായയടിക്കുന്നയൊച്ചയെകാക്കുന്നു 
മിറ്റത്ത് ചിലേടത്ത് 
സഞ്ചിയ്ക്കകത്ത് മരപ്പണിയായുധങ്ങള്‍    
ഒളിച്ചിരിക്കുന്നു 
വാഴക്കയ്യുവെട്ടിച്ചുമ്മാടുണ്ടാക്കുന്ന
പെണ്ണുങ്ങളുടെ കൂടെ വന്ന പായലുകള്‍ 
കടേന്നുതിന്നുന്നു ,മേടിച്ചോണ്ട് പോകുന്നു 
റേഡിയോയ്ക്കകത്ത് ജയവിജയന്മാര്‍ 
തമ്മില്‍ തര്‍ക്കിക്കുന്നു 
പണിക്കാരുടെ ഒച്ചകേട്ട്,
പച്ചത്തേങ്ങയരച്ചതിന്റെമണം 
കടുക് താളിച്ചതിന്റെ മണം 
കല്ലില്‍ പൊറോട്ട വേകുന്നതിന്റെ മണം 

വാള്‍എന്നതിന്റെ അര്‍ഥം അന്നെനിക്ക് 
മാറിപോയിരുന്നു
അറക്കക്കാര് കൊണ്ട് നടക്കുന്ന 
വാളും കൊണ്ടെങ്ങനെ 
ക്ളാസ്സ് ടീച്ചര്‍ പറഞ്ഞ 
കുതിര പുറത്തെ രാജാക്കന്മാര്‍ക്ക് 
യുദ്ധം ചെയ്യാന്‍ പറ്റും 
തടി വെട്ടുകാരുടെ കയ്യിലെ 
പാണ്ടി കോടാലി 
എത്രയായത്തിലെറിഞ്ഞാലും 
ഗോകര്‍ണത്തൂന്നു എത്തറ്റംവരെയെത്തും
സംശയം കൊറേ കാലം കെടന്നു .

ചെന്ജുമപ്പ്,മഞ്ഞ ,വെള്ള 
പലജാതി തുപ്പലുകള്‍ക്ക് നടുവില്‍ 
വലിച്ച് നെലത്തെറിഞ്ഞു
ചവിട്ടികൂട്ടിയതിന്റെയിടയിലൂടെ 
കണ്ണുകളെയെറക്കി വിട്ടിട്ട്
തീപ്പെട്ടി കൂട് പെറക്കിവെപ്പിക്കുന്ന നേരത്ത് 
വെള്ളം ചേര്‍ത്തിട്ടുണ്ടോന്നറിയാന്‍
ലൈറ്റ് സ്ട്രോങ്ങ്‌ മീഡിയം വെള്ളച്ചായ 
എന്നൊക്കെ വിളിച്ചു കൂവിക്കൊണ്ട് 
ഒരു ഗ്ളാസ്പാല് എല്ലാരേം കാണിച്ചോണ്ട് 
അലമാരെലേക്ക് മാറ്റുന്നു 
അവിടെ ചില ഗ്ളാസ്സുകള്‍
പാലും വെള്ളവും പിരിഞ്ഞ് ഇരിക്കുന്നു 

മഞ്ഞും കൊണ്ട് 
കുതിരുന്ന തീപ്പെട്ടി കൂടുകള്‍ 
ഒരച്ചൊരച്ച് മരുന്നിന്റെ സൈഡ്പൊളിഞ്ഞത്
ബീഡികുറ്റികളിട്ടത് 
എടുക്കാത്ത നാണയതുട്ടുകളിട്ടത് 
വേട്ടാവളിയന്റെ ചത്തയൊടലുള്ളത് 
തകിട് കവറി നക ത്തൊള്ളത് 
നനഞ്ഞ കുശു വിടുന്നത് ,വാടകെട്ടിയത് 
തടി തീപ്പെട്ടി കൂടിനേക്കാള്‍
ഞങ്ങളിഷ്ട്ട പ്പെട്ടുതൊടങ്ങിയ 
കട്ടികടലാസിന്‍റെത്
വല്ലപ്പോഴുമൊക്കെ ക്കിട്ടുന്നത് 
മണ്ണടിഞ്ഞത് 
ചന്നം പിന്നമായത് 
തലമുറിഞ്ഞു പോയത് 
നടുവൊടിഞ്ഞത് 
മക്കളെല്ലാം അകത്തിരുന്നു വെന്തത് 

വെള്ളത്തില്‍ മുക്കി 
കുമു കുമാന്ന് മണക്കുന്ന മരുന്ന് 
കഴുകി കളഞ്ഞ് ,ഒണക്കി 
ഒട്ടിപ്പ് ബുക്കിലേക്ക് മാറ്റുന്നത് 
വീറ്റു,ത്രീ റോസസ് ,കതിരവന്‍ ,ജോക്കര്‍ 
കാണ്ടാമൃഗം ,മൈന ,തത്ത ,ഉദയസൂര്യന്‍ 
ക്ളാവര്‍,കരാട്ടെ ,കപ്പു സോസര്‍ കണ്ണട 
മിനാരം ,മാജിക് വടി ,മണ്‍ കൂടാരം 
ഒക്സ് ,ഡീര്‍ ,ഡോള്‍ഫിന്‍ ,പെന്‍ഗ്വിന്‍ 
ഒട്ടകം ,ഓറഞ്ച് , ഓട്ട പന്തയം ,ഒളിമ്പിക്സ് ,
ഏഷ്യാഡ,എറോപ്ലൈന്‍,എഞ്ചിന്‍ തീവണ്ടി 
മഴ ,കുട ,വെയില്‍ ,മരം ,വെള്ളം ,വള്ളം 
മല ,കിളി ,സുന്ദരി ,സ്കൂള്‍ കുട്ടി ,സൂര്യാസ്തമയം 
കീച്ച് കളിയില്‍ ജയിക്കുന്നവര്‍ക്ക് കൊടുക്കേണ്ടുന്ന 
തീപെട്ടി പടങ്ങള്‍ ,

വഴിയരികില്‍ ആന പിടിച്ചാല്‍ 
പൊങ്ങാത്ത കൂപ്പു തടികള്‍ 
ഷോളിംഗ്മൂടിയ പുല്ലു കാട് 
ഓലയ്ക്കാല്കൊണ്ടുണ്ടാക്കിയ 
കളിപ്പാട്ടങ്ങളഴിഞ്ഞ മിറ്റങ്ങള്‍ 
വഴിയില്‍ ആളുകള്‍ക്ക് ചവിട്ടാനായി 
കൊണ്ടിട്ടിരിക്കുന്ന കുരുമുളക് തിരികള്‍ 
പേറ്റിയെടുത്തിട്ട്‌ മിച്ചം കൂട്ടിയിട്ടിരിക്കുന്ന 
ചീര് നെറഞ്ഞമലഞ്ചരക്ക് കടയുടെ മണം 
എലക്കയുടെയും ഗ്രാമ്പൂവിന്‍റെയും ഗന്ധം 
ഉപ്പു ചാക്കുകള്‍ തുറന്നിരിക്കുന്ന 
പലചരക്ക് കടത്തിണ്ണ 
ഒണക്കമീന്‍ കടെടെ മണം 
കരിപ്പെട്ടി രുചിക്കുന്ന പനയോലെടെ മണം 
കച്ചികെട്ടുകള്‍ അഴിഞ്ഞ അലൂമിനിയക്കട 
ലേഡീസ് സെന്ററിന്റെ തിണ്ണയില്‍ 
എറിഞ്ഞു കളഞ്ഞ ക്യൂട്ടക്സ് ,കുങ്കുമം ,കുപ്പിപ്പാത്രം 
അരിച്ചെടുക്കാനായി തമിഴന്‍മാര്‍ കോരുന്ന 
സ്വര്‍ണ കടക്കു മുന്നിലെ മണ്ണ് 
കൊടനന്നാക്കുകാരന്റെ കെട്ടും പൊതിയും  
കവലപട്ടികള്‍ 
രാവിലത്തെ കുര്‍ബാനയ്ക്ക് 
ചട്ടയും നേര്യേതും പൌഡറും മണക്കുന്ന 
ചേട്ടത്തിമാര്‍ 
വാര്‍ത്തകള്‍ വായിക്കുന്ന രാമചന്ദ്രന്‍ / ശ്രീ കുമാര്‍ 
സമയം തെറ്റിയെന്നുള്ള
ചായക്കടക്കാരന്റെ ചൂടാകല്‍ 
നിക്കറിന്റെ പോക്കറ്റില്‍ നെറയുന്ന
പടങ്ങള്‍ ,വര്‍ണങ്ങള്‍ ,വിചിത്രങ്ങള്‍ 

നാണയ ശേഖരം 
സ്റാമ്പ് കളക്ഷന്‍ ,ആല്‍ബങ്ങള്‍ 
ഫിലിമിന്റെ കഷങ്ങളിലുള്ളവര്‍ 
ശിവകാശിയില്‍ നിന്നെറങ്ങിയ ദൈവ കലണ്ടറുകള്‍ 
ക്രിക്കറ്റ്കാരുടെയും കിന്റര്‍ജോയിയുടെയും 
സ്റ്റിക്കര്‍കള്‍ ,അവയെല്ലാം 
ചരിത്രത്തിന്റെ ഭാഗമായി .

തീപ്പെട്ടി പടങ്ങള്‍ സൂക്ഷിച്ച ഞങ്ങളും 
ഞങ്ങള്‍ നടന്ന കുഗ്രാമ വഴികളും 
തൂക്കിയ പാല്‍ പ്പാത്രങ്ങളും 
പാവം പിടിച്ച മനുഷ്യരുടെ നാശ കോശം വന്ന 
ലോകങ്ങളും 
കൂശിത്ത വാടയായി 
പിന്നെയെന്നോ കാണാതെ പോയ 
ഒട്ടിപ്പുബുക്കുകളായി
വെളിപ്പെടുത്താന്‍ മടിച്ച അധമ ലോകങ്ങളായി 
ചരിത്രത്തില്‍ നിന്നും പുറത്തായി  

1 comment:

  1. വരികൾ മുറിച്ചെഴുതിയാൽ അതു കവിതയാകുമെന്ന് പടിപ്പിച്ച ഗുരുവിനു നല്ല നമസ്കാരം.

    ReplyDelete